| ക്രിസ്തുമസായാലും ന്യൂ ഇയറായാലും ഓണം വന്നാലും ഉണ്ണി പിറന്നാലും നാം മലയാളികൾ ആഘോഷിക്കും. മരണ വീട്ടിലും കല്യാണ വീട്ടിലും എന്തിന്നു പറയണം, പള്ളിയിൽ പോയാലും നാം ആഘോഷിക്കും. വെറുതെ അങ്ങ് ആഘോഷിക്കുകയല്ലാ, നന്നായിട്ടു തന്നെ ആഘോഷിക്കും. ഒരിക്കലെങ്കിലും ഇത്തരം കൂട്ടായ്മകളിൽ ഭാഗഭാക്കായിട്ടുള്ള എന്റെ വായനക്കാർക്കു കാര്യം ഇതിനോടകം മനസ്സിലായിട്ടുണ്ടാകണം. ഇല്ലാത്തവർക്കായി ഞാൻ കാര്യം വിശദീകരിക്കാം. ആഘോഷമെന്ന പേരിൽ നാം ചെയ്യുന്നതെന്താണ്? മോശമല്ലാത്ത വിധം തന്നെ, നമ്മുടെ കീശയുടെ കപ്പാസിറ്റിക്കൊത്ത വിധം ചന്തയിൽ കിട്ടാവുന്ന മദ്യങ്ങളുടെ ബ്രാൻഡുകൾ വാങ്ങിക്കൂട്ടിയിട്ടാണ് നാം തയ്യാറാവുക. ഇതിനാണെങ്കിൽ സൊസൈറ്റിയിലെ സ്റ്റാറ്റസ്സോ, വലിപ്പചെറുപ്പങ്ങളോ നമുക്കു തടസ്സങ്ങളാകാറില്ല. ഇത്തരം പരിപാടികൾക്കായി നാം എത്ര വേണമെങ്കിലും പണം ചെലവാക്കാനും മടിക്കാറില്ല. കീശ കാലിയാണെങ്കിൽ പോലും ഇതിനായി നാം ഏതറ്റം വരെ പോകാനും മടിക്കില്ല. “കാണം വിറ്റും ഓണം ഉണ്ണണം” എന്ന പഴഞ്ചൊല്ല് ഇന്നു പ്രാവർത്തികമാക്കുയാണിന്നു പലരും, ഉണ്ണുന്നത് ഓണമല്ലെന്നു മാത്രം! ഈ ശീലങ്ങൾ നാം സ്വായത്തമാക്കുന്നതെങ്ങിനെയാണ്? ഒരു പരിധി വരെ ഇത്തരം ശീലങ്ങൾക്ക് അടിത്തറ പാകുന്നത് നാം വളർന്നു വരുന്ന ഭവനങ്ങളിലാണ്. നമ്മുടെ (മാതാ)പിതാക്കൻമാർ, ബന്ധുമിത്രാതികൾ, (സഹോദരീ)സഹോദരൻമാർ എന്നിവർ ഈ ശീലങ്ങൾക്ക് ഒരു നല്ല ശതമാനം സ്വാധീനം നൽകാറുണ്ട്. തുടർച്ചയായി മദ്യം ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ പശ്ചാത്തലത്തിൽ വളർന്നു വരുന്നവരിൽ മദ്യപാനശീലം തുടങ്ങുന്നവരുടെ എണ്ണം അതില്ലാത്തവരേക്കാൾ പതിന്മമടങ്ങ് കൂടുതലാണെന്നു ശാസ്ത്രീയമായ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. അത്തരം വ്യക്തികളിൽ ഏറിയ പങ്കും ഈ ശീലങ്ങൾ തുടങ്ങുന്നത് എകദേശം പതിനഞ്ചോ പതിനാറോ വയസിലാണ്. അടുത്ത കാലത്ത് കേരളത്തിൽ നടത്തിയ ഒരു പഠനത്തിൽ ഒരു വ്യക്തി മദ്യപാനം തുടങ്ങുന്നതിന്റെ ശരാശരി പ്രായം ഇതിലും താഴെയാണെന്നത് നമ്മെ ഞെട്ടിക്കേണ്ട ഒരു വാർത്ത തന്നെയാണ്. ഞെട്ടാത്തവർ ഒന്നു ചിന്തിച്ചു നോക്കൂ താങ്കൾ ആദ്യമായി മദ്യത്തിന്റെ രുചിയറിഞ്ഞത് ഏതു പ്രായത്തിലായിരുന്നു എന്ന്? വ്യക്തിപരമായി എന്റെ കാര്യം പറഞ്ഞാൽ അത് എന്റെ ഇരുപതുപത്തൊന്നാമത്തെ വയസ്സിലായിരുന്നു. ഇതിന്റെ അർത്ഥം ഞാൻ വളർന്നു വന്ന കാലത്തെ ശരാശരി പ്രായം ഇതായിരുന്നു എന്നല്ല. അതിന്റെ പിന്നിലൊരു കഥയുണ്ട് : എന്റെ പതിനഞ്ചാമത്തെ വയസിൽ, കോളേജിൽ പ്രീഡിഗ്രിക്ക് (അന്ന് അങ്ങിനെ ഒരു ഡിഗ്രിയുണ്ടായിരുന്നു, ഇന്നത്തേ പതിനൊന്നും പന്ത്രണ്ടും ക്ലാസ്സുകൾ) തലസ്ഥാനത്തെ ഒരു മുന്തിയ കോളേജിൽ ചേർത്ത്, ഹോസ്റ്റലിൽ താമസവും തരപ്പെടുത്തി മടങ്ങുന്ന വേളയിൽ എന്റെ പിതാവ് എന്നോടു പറഞ്ഞ ഒരു കാര്യം. അതോർക്കുമ്പോഴും മറ്റുള്ളവരോടു പങ്കുവയ്ക്കുമ്പോഴും (എന്തിനേറെ പറയണം, ഇതെഴുതുമ്പോൾ പോലും) എന്റെ കണ്ണുകൾ ഈറനണിയാറുണ്ട്. ആ വാക്കുകൾ ഇതായിരുന്നു: “എനിക്കു കോളേജിൽ പഠിക്കുവാനുള്ള സാഹചര്യങ്ങളുണ്ടായിരുന്നില്ല. പക്ഷേ ഞാൻ കോളേജു ജീവിതങ്ങളെപ്പറ്റി ഒത്തിരി കഥകൾ കേട്ടിട്ടുണ്ട്. പണക്കാരായ ഒത്തിരി കുട്ടികൾ പഠിയ്ക്കുന്ന കോളേജാണിത്. അവരിൽ കുറച്ചു പേരെങ്കിലും മദ്യപിക്കുന്നവരോ മറ്റു ദുശീലങ്ങളുള്ളവരോ ആയിരിക്കാം. അവർ നിന്നെയും കൂടെക്കൂട്ടാനായ് വിളിച്ചേക്കാം. ഒരിക്കലും അത്തരം കൂട്ടുകെട്ടുകളിൽ പെട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കണം. നിനക്ക് എന്നെങ്കിലും മദ്യം കുടിക്കണമെന്നു തോന്നിയാൽ ഒന്നു ഫോൺ വിളിച്ചു പറഞ്ഞാൽ മതി. ഏതു തരം മദ്യമാണെങ്കിലും ഞാൻ വാങ്ങി വച്ചേക്കാം”. ഒരു കാര്യം പറയാൻ വിട്ടു പോയി. എന്റെ പിതാവ് ഒരു പഴയ പട്ടാളക്കാരനാണ്. ഞാനൊരിക്കലും അദ്ദേഹം മദ്യപിച്ചു കണ്ടിട്ടില്ല. പട്ടാളക്കാർക്കായി സർക്കാർ അനുവദിച്ചിട്ടുള്ള ക്വോട്ട വാങ്ങാറുണ്ടായിരുന്നെങ്കിലും ഒരു പെഗ്ഗു പോലും കുടിക്കുന്നതു ഞാൻ നേരിട്ടു കണ്ടിട്ടില്ല. ഞങ്ങൾ കുട്ടികൾ കാണാതെ വല്ലപ്പോഴും അല്പമൊക്കെ കഴിച്ചിരുന്നു എന്നു ഞാൻ കരുതുന്നു. മിക്കവാറും സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഒക്കെയായി കുപ്പികൾ നൽകുകയായിരുന്നു പതിവ്. കഥ തുടരട്ടെ; ഈപ്പറഞ്ഞ ഉപദേശം ഇരുപത്തൊന്നാമത്തെ വയസ്സിൽ എന്റെ തൊഴിലധിഷ്ടിത വിദ്യാഭ്യാസം പൂർത്തിയാക്കി ആദ്യത്തെ സ്റ്റൈപ്പൻഡ് വാങ്ങുന്നതു വരെയെങ്കിലും പാലിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പഠനത്തിന്റെ അവസാന വർഷത്തിൽ സപ്ലിമെന്ററി പരീക്ഷ എഴുതാനായി ഹോസ്റ്റലിൽ വന്ന ഒരു സീനിയർ വച്ചുനീട്ടിയ ഒരു ഗ്ലാസ്സു മദ്യത്തിലാണ് എന്റെ തുടക്കം. പഠനകാലത്ത് എല്ലാ വീക്കെൻഡിലും സാമാന്യം നല്ലവണ്ണം മദ്യപിച്ചിരുന്ന കൂട്ടുകാർ എനിയ്ക്കുണ്ടായിരുന്നു. വീട്ടിലെ സാമ്പത്തിക സ്ഥിതിയും എന്റെ പിതാവിനു കൊടുത്തിരുന്ന വാക്കും എന്നെ ഇതിനൊന്നും പങ്കുകൊള്ളാൻ അനുവദിച്ചിരുന്നില്ല. നാം മദ്യത്തിനടിമപ്പെടുന്ന സാഹചര്യങ്ങൾ എന്തെല്ലാമാണ് എന്നൊന്നു നോക്കാം. ഒരു രസത്തിനായി, ഒന്നു രുചിയറിയാൻ, എന്താണിതിന്റെ സുഖമെന്നറിയാൻ, കൂട്ടുകാരുടെയും സഹപാഠികളുടെയും ജീവിത പങ്കാളിയുടെയും മറ്റും നിർബന്ധത്തിനോ ഭീഷണിയ്ക്കോ വഴങ്ങി, പിതാവിന്റെ ഗ്ലാസ്സിലെ അവസാന തുള്ളികൾ രുചിച്ച്, അങ്ങനെ പല രീതികളിൽ ആരംഭിക്കുന്ന ഈ രുചിനോട്ടം അവസാനിക്കുന്നതെവിടെയാണ്? വളരെ ചെറിയൊരു ശതമാനം വ്യക്തികൾ ഈ രുചികൾ തുടക്കത്തിലേ തന്നെ വെറുക്കുകയാണു ചെയ്യുക. കാരണം നമുക്കറിയാം: ഭൂരിപക്ഷം തരം മദ്യങ്ങളും അത്ര സ്വാദിഷ്ടമൊന്നുമല്ലെന്ന നഗ്നസത്യം. മറ്റൊരു വിഭാഗം വൃക്തികൾ ഈ സ്വാദുകളെ തുടർച്ചയായ ഉപയോഗത്തിലൂടെ ഇഷ്ടപ്പെടാൻ ശ്രമിക്കുകയാണ്, അവസാനം ഇത്തരം രുചികൾക്ക് അടിമപ്പെടുകയാണ്. എന്താണ് നമ്മെ ഈ ശീലത്തിൽ തുടരാൻ പ്രേരിപ്പിക്കുന്നത്? സമാനരായ ആളുകളാൽ ഉണ്ടാവുന്ന സമ്മർദം മൂലം ഒരു നല്ല ശതമാനം ആളുകൾ ഇത്തരം കൂട്ടുകെട്ടുകളിൽ തുടരാൻ നിർബന്ധിതരാവുകയാണ്. മദ്യത്തിന്റെ ലഹരി നമുക്കു നൽകുന്ന ഒരു പ്രത്യേക ധൈര്യം നമ്മെ പല സാഹസങ്ങൾക്കും പ്രേരിപ്പിക്കും. കൂടെയിരുന്നു മദ്യപിക്കുന്ന സുഹൃത്തുക്കളെ ബോധിപ്പിക്കാനായി നാം കാട്ടുന്ന മണ്ടത്തരങ്ങൾ എന്തെല്ലാമാണെന്ന്, മദ്യപിക്കാതെ ചുമ്മാ കമ്പനി തരാൻ കൂടെയിരിക്കുന്നവരാരെങ്കിലും ഉണ്ടെങ്കിൽ ഒന്നു ചോദിച്ചു നോക്കിയാൽ അറിയാൻ സാധിക്കും. മദ്യത്തിന്റെ ഉപയോഗത്തോടൊപ്പം നാം മറ്റു പലതരം ശീലങ്ങളിലേയ്ക്കും നയിക്കപ്പെട്ടേക്കാം. അതിൽ പ്രധാനമായുളളത് പുകവലി, കഞ്ചാവ് തുടങ്ങിയ ലഹരിപദാർത്ഥങ്ങളുടെ ഉപയോഗമാണ്. അതിനോടൊപ്പം തന്നെ ഇന്നത്തെ വളർന്നു വരുന്ന തലമുറയ്ക്ക്, സാധാരണമാണെന്നു തോന്നാവുന്ന പലവിധ സാമൂഹിക അശുദ്ധികളിലേയ്ക്കും അസാന്മാർഗികതയിലേയ്ക്കും നാം വഴുതി വീഴാൻ വളരെ എളുപ്പമാണ്. മദ്യം അടക്കമുള്ള ലഹരിപദാർത്ഥങ്ങൾ നമ്മുടെ ശരീരകോശങ്ങളെ എങ്ങിനെയെല്ലാം ബാധിക്കുമെന്നും എന്തെല്ലാം അസുഖങ്ങളിലേയ്ക്കു നയിക്കുമെന്നും മനസ്സിലാക്കാൻ വലിയ വിവരമോ വിദ്യാഭ്യാസമോ ഒന്നും തന്നെ ആവശ്യമില്ല. ഒന്നു മനസ്സിരുത്തി, ഗൂഗിൾ ഗുരുവിനോടു ചോദിച്ചാൽ മതിയാകും. എന്തൊക്കെ പറഞ്ഞാലും നമുക്ക് ഒരു ന്യായീകരണമുണ്ട്: “ഒരൊറ്റ ജീവിതമല്ലേ ഉള്ളൂ. ജീവിക്കുകയാണെങ്കിൽ ആസ്വദിച്ചു തന്നെ ജീവിക്കണം.” പറക്കമുറ്റാത്ത പൈതങ്ങളെയും ഭാര്യയെയും ജീവിതപരാധീനതകളുടെ അഗാധഗർത്തങ്ങളിലേയ്ക്കു തള്ളിയിട്ടിട്ട് നേരത്തേ തന്നെ അങ്ങനെ ആസ്വദിച്ചു പോയാൽ ഒരു സുഖവുമുണ്ടാവില്ലെന്ന് ഓർക്കുന്നതു നന്നായിരിക്കും. ഇത്തരത്തിൽ കഷ്ടപ്പെട്ടു ജീവിക്കുന്ന ഒത്തിരി കുടുംബങ്ങളെ നേരിട്ടറിയാവുന്നത് മനസ്സിൽ ഒരു വിങ്ങലോടെയല്ലാതെ ഓർക്കാൻ കഴിയുന്നില്ല. പതിനാലാമത്തെ വയസിൽ ലഹരിവിമുക്തീകരണ ചികിൽസാ കേന്ദ്രത്തിൽ അടയ്ക്കപ്പെട്ട ഒരു വ്യക്തിയെ എനിക്കറിയാം. ഞാൻ ഒരിയ്ക്കലും അവനെ കുറ്റപ്പെടുത്തില്ല. കാരണം, അവന്റെ പിതാവും പിതൃപിതാവും നാട്ടിലെ അറിയപ്പെടുന്ന കുടിയൻമാരായിരുന്ന; തെറ്റിപ്പോയി, ഇന്നും ആണ്. ഇന്നു നമ്മുടെ സമൂഹത്തിൽ നടക്കുന്ന ഭൂരിപക്ഷം കുറ്റകൃത്യങ്ങൾക്കും കാരണം തേടി, മറ്റു ജീവിത സാഹചര്യങ്ങളിലേക്കു പോകുന്നത് തികച്ചും ആത്മഹത്യാപരമാണ്. ജീവിത ബന്ധങ്ങളോ സാമൂഹിക പ്രതിബദ്ധതയോ നീതിന്യായ വ്യവസ്ഥകളോ ഒന്നും തന്നെ നമുക്കു തടസ്സങ്ങൾ ആകുന്നില്ല. ‘സ്വന്തം കാര്യം സിന്താബാദ്’ എന്ന മുദ്രാവാക്യം ഇന്നിന്റെ പ്രതിശ്ചായയാവുകയാണ്. മദ്യം വിറ്റു കിട്ടുന്ന കാശു കൊണ്ട് നാടു നന്നാക്കാൻ ശ്രമിക്കുന്ന ഒരു ഭരണസംവിധാനവും, ഇത്തരം കാശിന്റെ സ്വാധീനത്തിൽ തങ്ങളുടെ അശുദ്ധ ജീവിതം വെള്ളപൂശി മിനുക്കാൻ നടക്കുന്ന സാമൂഹ്യ പ്രമുഖരും വാഴുന്ന ഈ നാട്ടിൽ ഇനിയെന്തു ദുരന്തം സംഭവിക്കാനാണ്? ഒരു മത വിഭാഗങ്ങളും ഈ വിപത്തിൽ നിന്നും മുക്തമല്ല. മദ്യലഹരിയിൽ വിശുദ്ധ കൂദാശകൾ നിർവ്വഹിക്കുന്ന ക്രിസ്തീയ പുരോഹിതനും കാൽ ഉറയ്ക്കാതെ ക്യൂ നിന്ന് വിശുദ്ധ വസ്തുക്കൾ സ്വീകരിക്കുന്ന അജഗണങ്ങളും പലപ്പോഴും എന്റെ കൺമുമ്പിൽ പെട്ടിട്ടുണ്ട്. മദ്യപരുടെ മേശയ്ക്കു ചുറ്റുമിരുന്ന് അശ്ലീല ഗാനങ്ങൾക്ക് താളം പിടിക്കുന്ന വൈദികനും എന്റെ കണ്ണുതുറപ്പിച്ചിട്ടുണ്ട്. നമ്മുടെ കണ്ണുകൾ വെളുക്കെത്തുറക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നാം ആരെയാണ് പഴിചാരുന്നത്? മദ്യത്തിന്റെ മേൽക്കുപ്പായമണിഞ്ഞ് നാം കാട്ടിക്കൂട്ടുന്ന കൊള്ളരുതായ്മകൾ എന്തൊക്കെയാണ്? ഒന്നുരണ്ടെണ്ണം സൂചിപ്പിക്കാം: ലഹരിയുടെ മൂർത്ഥന്യാവസ്ഥയിൽ നാം നമ്മുടെ പരിസരം മറന്നു പോകുന്നു. ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ കാട്ടിക്കൂട്ടിയിട്ടുള്ള മണ്ടത്തരങ്ങളും വീര സാഹസ ക്യത്യങ്ങളും സഭയിൽ എഴുന്നള്ളിച്ച് ആളാകാൻ ശ്രമിക്കും. ഇതിൽ അശ്ശീലവും ആഭാസത്തരവും നിയമലംഘനങ്ങളും എല്ലാം ഉണ്ടാവാം. നമ്മുടെ കുഞ്ഞുമക്കൾ ചുറ്റുമിരുന്ന് കേൾക്കുകയും അതിൽ പ്രൗഡിയണയുകയും ചെയ്യുന്നത് നാം ശ്രദ്ധിക്കാതെ പോകുന്നു. മദ്യലഹരിയും സാഹചര്യങ്ങളും അനുകൂലമായി വരുന്ന വേളകൾ നമ്മെ ഒരുതരം മൃഗാവസ്ഥയിലേയ്ക്ക് നയിക്കുന്നു. രക്തബന്ധങ്ങളോ സൗഹൃതങ്ങളോ ഒന്നും തന്നെ നമുക്കു തടസ്സങ്ങളാകാറില്ല. ബലഹീനരായ ഇരകളെ കീഴ്‌പ്പെടുത്തുന്ന മൃഗമായി നാം മാറിയില്ലെങ്കിൽ ഒട്ടും അഹങ്കരിക്കേണ്ട, അതു നമ്മുടെ പിതൃപുണ്യം ഒന്നുകൊണ്ടു മാത്രമാണ്. മദ്യപാനത്തിന്റെ മേൻമകൾ പറയുന്നവരുമുണ്ട്, നമ്മുടെ ഇടയിൽ. ഇത്തിരി കഴിച്ചാൽ ഒരു സുഖമാണ്, നല്ല ഉറക്കം ലഭിക്കും, മനസ്സിന്റെ പിരിമുറുക്കം അഥവാ ടെൻഷൻ കുറയ്ക്കാം, കൊളസ്ട്രോൾ കുറയ്ക്കാം, രക്തം ശുദ്ധീകരിക്കപ്പെടും തുടങ്ങിയ അവയിൽ ചിലതു മാത്രമാണ്. മേൽപ്പറഞ്ഞവയിൽ പലതും വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ള രോഗങ്ങളാണ്. അവയ്ക്ക് തീർച്ചയായും മദ്യത്തേക്കാൾ അനുയോജ്യമായ മരുന്നുകൾ ഇന്നു ലഭ്യമാണ്. കൂടാതെ, തുടർച്ചയായ മദ്യത്തിന്റെ ഉപയോഗം നമ്മെ മറ്റു പല വിധം രോഗങ്ങളിലേയ്ക്കു നയിക്കുമെന്ന വസ്തുത മറക്കാനാവുമോ? ഈ പറയപ്പെട്ട മേൻമകൾക്ക് ഒരു മറുപുറമുണ്ട്. ഒരു വ്യക്തി സുഖം നേടാൻ മദ്യം കുടിക്കുമ്പോൾ കക്ഷിയുടെ കുടുംബക്കാരുടെ സുഖം ഇല്ലാതാകുന്നു, ഉറക്കം ലഭിക്കുവാൻ കുടിക്കുമ്പോൾ മറ്റുള്ളവരുടെ ഉറക്കം നശിക്കുന്നു, ടെൻഷൻ കുറക്കാൻ ശ്രമിക്കുമ്പോൾ മറ്റുള്ളവരുടെ ടെൻഷൻ വർദ്ധിക്കുന്നു. ഇങ്ങനെ ഒരു വ്യക്തിയുടെ മേന്മകൾ ഒരു സമൂഹത്തിന്റെ ശാപമായി പരിഗണിക്കുന്നു. ആരാണ് ഒരു മദ്യപാനി ? മദ്യം ഉപയോഗിക്കുന്ന ഏതൊരു വ്യക്തിയെയും ഈ ഗണത്തിൽപ്പെടുത്താം. ഒരേ ഒരു വ്യത്യാസം മാത്രം, ഏതു തരത്തിലുള്ള മദ്യപാനിയാണ് എന്നത് ഒരോ വ്യക്തിയുടെയും മദ്യത്തിന്റെ ഉപയോഗത്തെ ആശ്രയിച്ചിരിക്കുന്നു. വല്ലപ്പോഴും ഒരിക്കൽ ഒന്നോ രണ്ടോ സെർവുകൾ കഴിക്കുന്നവരുണ്ട്, എല്ലാ ദിവസവും ഒന്നോ രണ്ടോ കഴിക്കുന്നവരുണ്ട്, വല്ലപ്പോഴും ഒരിക്കൽ നല്ലവണ്ണം (അതായത് അടിച്ചു കോൺതെറ്റുക എന്നൊക്കെപ്പറയുന്നതു പോലെ) കഴിക്കുന്നവരുണ്ട്, കൂടാതെ എന്നും അടിച്ചു കോൺ തെറ്റുന്നവരുണ്ട്, ഇങ്ങനെ പലതരം, പലവിധമാണ് മദ്യപരുടെ കൂട്ടം. ഇവരെയൊക്കെ നിയന്ത്രിക്കുന്നതെന്താണ്? താൻ ഇന്നേ ദിവസം മദ്യം കഴിക്കണമോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം അല്ലെങ്കിൽ അതിനുള്ള കഴിവ്, ഒരു വ്യക്തിക്കു നഷ്ടപ്പെടുന്ന അവസ്ഥയാണ് അവനെ മദ്യപനാക്കുന്നത്. മനസ്സിൽ ആഗ്രഹം ഉണ്ടെങ്കിലും, എന്തൊക്കെയോ ശക്തികൾ അവനെ മദ്യപാനത്തിലേയ്ക്കു നയിക്കുന്നു. ഈ ശക്തികൾ പല വകയാണ്. സ്വയം നിയന്ത്രിക്കുവാനുള്ള മന:ശക്തി നഷ്ടപ്പെടുന്ന അവസ്ഥയാണു ഇവയിൽ പ്രധാനം. തുടർന്നു വരുന്നത് സമാന ചിന്താഗതിയുള്ള കൂട്ടുകാരുടെ അമിത സ്വാതന്ത്ര്യത്തോടെയുള്ള നിർബന്ധിക്കലാണ്. ഈ മനോഭാവം അവന്റെ വ്യക്തിസ്വാതന്ത്ര്യത്തിലുള്ള മറ്റുള്ളവരുടെ കൈകടത്തലാണ്. ഒരുദാഹരണം പറയട്ടെ: ഒരു പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത അവസരത്തിൽ മദ്യപിക്കുന്നില്ലെന്നു പറഞ്ഞ എനിക്ക് (ഞാൻ മേൽപ്പറഞ്ഞതുപോലെ വല്ലപ്പോഴും ഒന്നോ രണ്ടോ മാത്രം കഴിക്കുന്ന കൂട്ടത്തിൽപ്പെട്ട ആളായിരുന്നു, ഇന്നും ആണ്) ഒരു ഒപ്ഷൻ ലഭിച്ചു: ‘വൈൻ’ (വൈൻ മദ്യമല്ല പോലും !!). ഓഫർ സ്വീകരിച്ച എനിക്ക് ഒടുവിൽ ആതിഥേയന്റെ നിർബന്ധത്തിനു വഴങ്ങി, ആ വൈൻ (ഒരു കുപ്പി) മുഴുവൻ കുടിക്കേണ്ടി വന്നു. കാരണങ്ങൾ ഇതൊക്കെയാണ്: ഇവിടെ വേറെ ആരും വൈൻ കുടിക്കില്ല, ബാക്കി വൈൻ കളയാൻ പാടില്ല തുടങ്ങിയ കാരണങ്ങളാണ് അവർ നിരത്തിയത്. പാർട്ടി കഴിഞ്ഞ് കാർ ഓടിച്ചു വീട്ടിലെത്തിയ ശേഷമാണ് സ്വബോധം വന്നത്. വഴിയിലെങ്ങാനും പോലീസ് പരിശോധന ഉണ്ടായിരുന്നെങ്കിൽ ഒരു നാലഞ്ചു വർഷത്തേക്കു കാർ ഓടിക്കേണ്ടി വരില്ലായിരുന്നു. ഞാൻ ഒരു പമ്പരവിഢി അല്ലേ? ഏതായാലും ഒരു കാര്യം ഞാൻ പഠിച്ചു. വേണമെന്നു മനസ്സു പറഞ്ഞാലും വിളമ്പിത്തരുന്നവരെ കണ്ടറിഞ്ഞ്, ആ ദിവസം മദ്യം കഴിക്കണമോ വേണ്ടയോ എന്നും, എത്രമാത്രം കഴിക്കണം എന്നും തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം ഞാൻ ആർക്കും വിട്ടുകൊടുക്കാറില്ല. സ്വയം തീരുമാനിച്ചുറപ്പിച്ച കാലത്തോളം മദ്യം (ഏതു തരവുമാകട്ടെ) ഉപയോഗിക്കാതിരിക്കുവാനുള്ള സ്വാതന്ത്ര്യവും എന്നും എനിക്കു സ്വന്തമാണ്, എനിക്കു മാത്രം. മദ്യപിക്കാതിരിക്കുവാനുള്ള തീരുമാനം എടുക്കുവാൻ ഒരു വ്യക്തിക്കു കഴിവു നഷ്ടപ്പെട്ടാൽ മനസ്സിലാക്കുക, ആ വ്യക്തി രോഗാവസ്ഥയിലാണ്. ആദ്യം വേണ്ടത് ഈ രോഗാവസ്ഥയെ സ്വയം അംഗീകരിക്കുകയാണ്. പിന്നെ കാര്യം എളുപ്പമാണ്. നിയന്ത്രിത ഉപയോഗമോ പരിപൂർണ്ണ നിരോധനമോ ഏതു വേണമെന്ന് ഒരു വ്യക്തിക്കു തെരഞ്ഞെടുക്കാം. ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഇതിൽ നല്ലൊരു പങ്കു വഹിക്കാനാവും. ഒരു മദ്യപനെ പ്രോൽസാഹിപ്പിച്ചു പെരുപ്പിക്കാതെ, അവന്റെ രോഗാവസ്ഥ മനസ്സിലാക്കി പെരുമാറുകയാണു വേണ്ടത്. ഈ അവസ്ഥയെ അംഗീകരിച്ചു പെരുമാറിയാൽ ഏതൊരു മദ്യപാനിക്കും സാധാരണ ജീവിതം നയിക്കുവാൻ സാധിക്കും. അല്ലാതെ നാട്ടിൽ ലഭ്യമായ മദ്യം മുഴുവൻ നിരോധിച്ചാലും അവൻ, എന്തെങ്കിലും എവിടെയെങ്കിലും കണ്ടു പിടിച്ചു കുടിയ്ക്കും. ഈ മാറ്റങ്ങൾ വരേണ്ടത് ഒരു വ്യക്തിയിൽ നിന്നാണ്, ഒരു കുടുംബത്തിൽ നിന്നാണ്. ഈ ചെറിയ മാറ്റങ്ങളാണ് ഒരു സമൂഹത്തെ മാറ്റേണ്ടത്. ഒരു പുതുവർഷത്തിന്റെ തുടക്കം ഇതായിരിക്കട്ടെ, ഐശ്വര്യമായിയിരിക്കട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു. |
“മദ്യപാനത്തിന്റെ മേൻമകൾ പറയുന്നവരുമുണ്ട്, നമ്മുടെ ഇടയിൽ. ഇത്തിരി കഴിച്ചാൽ ഒരു സുഖമാണ്, നല്ല ഉറക്കം ലഭിക്കും,”
– തെറ്റിനെ ന്യായീകരിക്കുന്ന വരികൾ.
ഇനിയും ഇത്തരം എഴുത്തുകൾ പ്രതീക്ഷിക്കുന്നു.
LikeLiked by 1 person