പാപം ചെയ്യാത്തവർ കല്ലെറിയട്ടെ !

കഴിഞ്ഞ കുറെക്കാലങ്ങളായി ടിവിയിലും പത്രമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലുമെല്ലാം നിറഞ്ഞുനിൽക്കുന്ന ചില വാർത്തകളും പ്രസ്താവനാ പ്രതിപ്രസ്താവനകളും കാണുമ്പോൾ എനിക്ക് നിശബ്ദനായിരിക്കാൻ കഴിയുന്നില്ല.
വിവിധ ജാതികളിലും മതവിശ്വാസങ്ങളിലും പെട്ടവർ ഒരമ്മ പെറ്റ മക്കളെപ്പോലെ പരസ്പരബഹുമാനത്തിലും സഹകരണത്തിലും ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു, നമ്മുടെ നാട്ടിൽ. ക്രിസ്തുമസ്സിനും ബലിപെരുന്നാളിനും ശ്രീകൃഷ്ണജയന്തിക്കും നാട്ടിലുള്ള എല്ലാ മതങ്ങളിൽ പെട്ടവരും ഒരുമിച്ചുകൂടുകയും ഒത്തൊരുമയോടെ ആഘോഷിക്കുകയും ഒക്കെ ചെയ്തിരുന്ന ഒരു കാലം. ഇത്തരം ഒരു സഹകരണമനോഭാവം തീർത്തും അന്യം നിന്നുപോയിട്ടില്ലെന്ന് സ്വയം ആശ്വസിക്കാനെങ്കിലുമായി ഞാൻ പറഞ്ഞുകൊള്ളട്ടെ.

എന്നാൽ ഇന്ന് ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും നിറത്തിന്റെയും ലിംഗവ്യത്യാസങ്ങളുടെയും എന്നുവേണ്ട മനുഷ്യരെ തമ്മിൽത്തല്ലിക്കാനുള്ള എന്തിന്റെയും പേരിൽ കുറച്ചുനാളുകളായി നാം വിവിധ ചേരികളിലേയ്ക്കു വേർതിരിക്കപ്പെടുകയും മറുവിഭാഗങ്ങൾക്കെതിരെ വിവാദ പ്രസ്താവനകളിറക്കുകയും സ്വന്തം അണികളെ പ്രതിരോധതന്ത്രങ്ങളാൽ സജ്ജരാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അന്യോന്യം ചെളിവാരിയെറിഞ്ഞ് മറുഭാഗങ്ങളിലുള്ളവരുടെ നാശം കാണുന്നതിനായി കോപ്പു കൂട്ടുകയും ചെയ്യുന്നു. ഇത്തരം പ്രവൃത്തികൾ, കൂടെ നിൽക്കുന്നവരിൽത്തന്നെ ഭിന്നതകളുണ്ടാക്കുകയും അവരിൽ പലരും ഈ പ്രസ്ഥാനങ്ങൾ വിട്ടു പോവുകയും ചെയ്യുന്നു.

പുണ്യവചനങ്ങളുദ്ധരിക്കേണ്ട വേദികൾ ചിലപ്പോഴെങ്കിലും വിദ്വേഷം ചൊരിയുന്നവയായി മാറ്റപ്പെടുന്നു. മറ്റു മതക്കാരുടെ ഭാഗമായതോ അവർ മാത്രം ഉപയോഗിക്കുന്നതോ ആയ ചില പദപ്രയോഗങ്ങൾ അബദ്ധത്തിലോ മനപൂർവമായോ ഉപയോഗിക്കപ്പെടുകയും അതിന്റെ പേരിൽ ഇരു മതാനുകൂലികളും മറ്റു തല്പരകക്ഷികളും എല്ലാവിധ മാധ്യമസാഹചര്യങ്ങളും ഉപയോഗിച്ച് പരസ്പരം ചെളിവാരിയെറിഞ്ഞ് സ്വസമുദായത്തിന്റെ രക്ഷകരാവാൻ ശ്രമിക്കുന്നു. അല്ലെങ്കിൽ അങ്ങനെ വരുത്തിത്തീർക്കുന്നു. കലക്കവെള്ളത്തിൽ ചാകര കിട്ടുവാനുള്ള സാധ്യത മുമ്പിൽ കണ്ട് മറ്റു ചിലരും ഇവിടെ കൂടെക്കൂടുന്നു.

മറ്റു മതത്തിലും സമുദായത്തിലും പെട്ടവരെ ഉപദേശിക്കാനും നന്നാക്കാനും ശ്രമിക്കുന്നതിനു മുമ്പ് സ്വന്തം ജനങ്ങളെ നന്നാക്കാൻ ശ്രമിക്കുന്നതല്ലേ നല്ലത് ? അങ്ങനെയല്ലേ വേണ്ടത് ?

ഇന്നു നമ്മുടെ ചുറ്റിലുമായി നടക്കുന്ന സകല അനീതികൾക്കും അക്രമങ്ങൾക്കും പുറകിൽ നാം അതു ചെയ്യുന്നവരുടെ മതം, ജാതി, കുലമഹിമ, വിശ്വാസം തുടങ്ങിയവ അന്വേഷിച്ചു പോകുന്നത് ആത്മഹത്യാപരമാണ്. സംസ്കാരങ്ങളുടെയോ വിശ്വാസാചാരങ്ങളുടെയോ വ്യക്തിബന്ധങ്ങളുടെയോ അതിർ വരമ്പുകൾക്കുള്ളിൽ അടങ്ങിനിൽക്കാൻ സാധിക്കാത്തവരാണ് മനുഷ്യകുലത്തിനുതന്നെ ഹാനികരമായ ഇത്തരം പ്രവൃത്തികൾക്ക് ഇറങ്ങി പുറപ്പെടുന്നത്. ഇത്തരം പ്രവർത്തനങ്ങൾ ഏതെങ്കിലുമൊരു കൂട്ടരുടെ പേരിൽ മാത്രം ചാർത്തിക്കൊടുക്കാതിരിക്കുന്നത് ബുദ്ധി. കാരണം, നാമെല്ലാവർക്കും അവയിൽ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുണ്ട്. നമ്മുടെ കാണിക്കപ്പെട്ടികളിൽ, ഇത്തരം മാർഗങ്ങളിലൂടെ സമ്പാദിക്കപ്പെടുന്ന പണം വന്നു കുമിയുന്നില്ലെന്ന് ചങ്കുറപ്പോടെ പറയാൻ ആർക്കെങ്കിലും കഴിയുമോ ?

അതിനാൽ ആദ്യം നമുക്ക്, സ്വയം വന്നിട്ടുള്ള അപചയങ്ങളുടെ മൂലകാരണങ്ങൾ കണ്ടുപിടിച്ച് അവ തിരുത്താൻ ശ്രമിക്കാം. മറ്റുള്ളവർ നമുക്കെതിരേ പറയുന്ന ആരോപണങ്ങൾ ആരോപണങ്ങൾ തന്നെയാണോ എന്നൊന്നു പരിശോധിക്കാം. നമ്മുടെ മക്കൾ നാമാഗ്രഹിക്കുന്നതുപോലെ വളരുന്നില്ലെങ്കിൽ അല്ലെങ്കിൽ മറുപക്ഷങ്ങളിലേയ്ക്കു ചേക്കേറുന്നുവെങ്കിൽ അതിനുള്ള കാരണം തേടി പോകേണ്ടത് അവർ വളർന്നുവന്ന സാഹചര്യങ്ങളിലെ ന്യൂനതകൾ തേടിയാണ്. ഇവിടെ ഇല്ലാത്ത എന്തു തേടിയാണ് അവർ പുറത്തേയ്ക്കു പോയത് എന്നന്വേഷിക്കുന്നതല്ലേ കൂടുതൽ നല്ലത് ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കിട്ടിയാൽ ഈ ന്യൂനതകൾ നമുക്കു പരിഹരിച്ച് ഭാവിയിൽ കൂടുതൽ ചോർച്ചകളുണ്ടാവാതെ കാക്കുവാൻ നമുക്കു സാധിക്കും.

ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ സമൂഹത്തിലുള്ള ചില പുഴുക്കുത്തുകൾ ഇവിടെ പരാമർശിക്കാതെ പോകുന്നത് ശരിയല്ലെന്നു തോന്നുന്നു. സ്ത്രീകളോടും കുട്ടികളോടും പുരുഷൻമാരോടുമുള്ള ലൈംഗിക അതിക്രമങ്ങൾ, പുതിയതും പഴയതുമായിട്ടുള്ള ലഹരിപദാർത്ഥങ്ങളുടെ ഏറിവരുന്ന ഉപയോഗവും പ്രചരണവും, പ്രായ ലിംഗ വ്യത്യാസങ്ങളില്ലാതെ ഏറിവരുന്ന മദ്യപാനസംസ്കാരം, പലകാരണങ്ങളുടെ പേരിലുള്ള ക്രൂരമായ കൊലപാതകങ്ങൾ, രാജ്യങ്ങളും രാജ്യങ്ങളും തമ്മിലും സംസ്ഥാനങ്ങളും സംസ്ഥാനങ്ങളും തമ്മിലും കുടുംബങ്ങളും കുടുംബങ്ങളും തമ്മിലും വ്യക്തികളും വ്യക്തികളും തമ്മിലും ഏറിവരുന്ന മൽസരവും വൈരാഗ്യബുദ്ധിയും തുടങ്ങി എണ്ണിയാൽ തീരാത്ത ഒരു പരമ്പരതന്നെയാണിവ. ഇത്തരം പ്രവൃത്തികൾ ഏതെങ്കിലുമൊരു സമൂഹത്തിന്റെ മാത്രം കുത്തകയല്ല. എല്ലാവർക്കും ഇവയിൽ വലിയ സഹകരണവും ഉത്സാഹവുമുണ്ട്. ഇത്തരം കാര്യങ്ങൾ പരസ്പരം പൂരകങ്ങളും ഒന്നല്ലെങ്കിൽ മറ്റൊന്നിന്റെ അനന്തരഫലങ്ങളുമാണ്.

നാം തമ്മിലുള്ള മത്സരങ്ങൾ കാണുമ്പോൾ മറ്റു ചിലതോർമ്മ വരുന്നു. അന്ധൻ ബധിരനെ കളിയാക്കുന്നതുപോലെയോ കയ്യില്ലാത്തവൻ കാലില്ലാത്തവനെ പരിഹസിക്കുന്നതുപോലെയോ ഒക്കെയാണിത്. അതുകൊണ്ട് നമുക്കു നമ്മുടെ വീട്ടിലെയും സമുദായത്തിലെയും കൂട്ടായ്മയിലെയും കുറവുകളും കുറ്റങ്ങളും കണ്ടു പിടിക്കാൻ കുറച്ചുകൂടി സമയം കണ്ടെത്താം. പുഴുക്കുത്തുകൾ വൃത്തിയാക്കി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുപയ്പിന്റെയും മരുന്നുകൾ പുരട്ടിക്കൊടുത്ത് മുറിവുകൾ ഉണക്കിയെടുക്കാം. അടുത്ത വീട്ടിലെ അടുപ്പിൽ തീ പുകയുന്നുണ്ടോയെന്നു നോക്കാതെ നമ്മുടെ വിശപ്പു മാറ്റുന്നത് തെറ്റാണെന്നു നമ്മുടെ പ്രവൃത്തികളിലൂടെ നമുക്ക് നമ്മുടെ മക്കളെ പഠിപ്പിക്കാം. മേൽപ്പറഞ്ഞ അനീതികളുടെ മാർഗങ്ങളിൽ നാം സമ്പാദിക്കുന്ന സ്വത്തും പണവും നമുക്കൊരിക്കലും സമാധാനമായൊരു ജീവിതം തരില്ലെന്ന് സ്വയം മനസ്സിലാക്കുകയും വരും തലമുറയെ പഠിപ്പിക്കുകയും ചെയ്യാം. ഇത്തരം സമൂഹദ്രോഹപ്രവൃത്തികളിലൂടെ സ്വരുക്കൂട്ടുന്ന പണമുപയോഗിച്ച് തങ്ങളുടെ പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കില്ലെന്ന് അല്ലെങ്കിൽ അത്തരം പണം തങ്ങൾക്കാവശ്യമില്ലെന്ന് നമ്മുടെ മതനേതാക്കൾ പറയാൻ തന്റേടം കാണിച്ചാൽ കുറെയൊക്കെ പ്രശ്നങ്ങൾ അവിടെത്തീരും.

എന്നെങ്കിലും ഒരിക്കൽ ഈ ലോകത്ത് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും കതിരുകൾ വീണ്ടും വിരിയുമെന്നു നമുക്കാശിക്കാം. മുളച്ചുവരുന്ന നാമ്പുകൾ നുള്ളിക്കളയാതെ നമുക്കു പരിപാലിക്കാൻ ശ്രമിക്കാം. ഒന്നുചേർന്ന് നമുക്ക് ആ നല്ലൊരു നാളെയ്ക്കായി കാത്തിരിക്കാം.

Leave a comment