ഈ ആധുനിക കോപ്രായത്തിൻ്റെ പേരാണോ മനുഷ്യൻ ?

മനുഷ്യൻ ഇന്നു കാണിച്ചുകൂട്ടുന്ന കോപ്രായങ്ങൾ കാണണമെങ്കിൽ പണ്ടൊരു മഹാൻ പറഞ്ഞതു പോലെ ഇന്ദ്രിയങ്ങൾ ഉണ്ടാവണം, സംവേദനക്ഷമത ഉണ്ടാവണം അങ്ങനെ പലതും ഉണ്ടാവണം. അതെങ്ങനാ, ഈ ഫോണിൽ നിന്ന് കണ്ണൊന്നെടുത്താലല്ലേ ഇതൊക്കെ കാണാൻ കഴിയൂ.  
ഇന്നത്തെ പ്രധാന കഥാപാത്രമായ കൊറോണ വൈറസിനെ വെല്ലാനെന്നവണ്ണം മുഖത്തൊരു കവചവും കൈകളിൽ കൈയ്യുറകളും ധരിച്ച ഈ മനുഷ്യൻ്റെ കൈയിലുമുണ്ട്, മറ്റുള്ളവരുടെ കൈയിലെന്നവണ്ണം സാമാന്യം മുഴുത്ത ഒരു ഫോൺ. വെറുമൊരു സാധാരണ ഫോണല്ല കേട്ടോ, നല്ല ഒന്നാന്തരം, ആരോ കടിച്ച ആപ്പിളിൻ്റെ പടമെല്ലാമുള്ള, ഒരു ഒന്നൊന്നര ഉരുപ്പടി.
അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. കീശയുടെ മുഴുപ്പിനു ചേരുന്ന ഒരെണ്ണം ആർക്കും വാങ്ങാൻ കഴിയും. ഇവിടത്തെ വിഷയം അതല്ല. ഈ സാധനവും പിടിച്ച് യാത്ര ചെയ്യുമ്പോൾ മുമ്പിൽ എന്താണു നടക്കുന്നതെന്നോ ആരാണു നടക്കുന്നതെന്നോ ഒക്കെ ഒന്നു ശ്രദ്ധിക്കുന്നതു നന്നായിരിക്കുമെന്നൊരു തോന്നൽ. അല്ലാതെ, ഈ തിളങ്ങുന്ന സ്ക്രീനിൽ മിന്നിമറയുന്നതും നോക്കി പൊതുവഴിയിലൂടെ നടന്നാൽ ഇതല്ല, ഇതിനപ്പുറവും നടക്കും. അല്ലെങ്കിൽ നിങ്ങളു തന്നെ പറയൂ.
ഇന്നു കാലത്തുണ്ടായ ഒരു സംഭവം പറയാം. മേൽപ്പറഞ്ഞ ആ സാധനം, നഗരത്തിലൂടെ ഉലാത്തുകയായിരുന്നു. മുൻ പിൻ ശ്രദ്ധിക്കാതെയുള്ള ഒരു മാതിരി നടത്തം. വഴിയിലൊരിടത്തായി പച്ചക്കറിയും പല വ്യഞ്ജനങ്ങളും വാങ്ങി വീട്ടിലേയ്ക്കു പോകുന്ന ഒരു വൃദ്ധൻ്റെ കൈയിലുണ്ടായിരുന്ന തുണി സഞ്ചിയും തട്ടിയിട്ടിട്ട്, ഞാനൊന്നുമറിഞ്ഞില്ലേ എന്ന രീതിയിൽ ഒരു പോക്ക്. സഞ്ചിയിലെ തക്കാളികൾ പല വഴി ഉരുണ്ടു. പഞ്ചസാരയും മൈദപ്പൊടിയും നിലത്തു പൊടിക്കളം വരച്ചു. മറ്റു പലതും അവിടവിടെ ചിതറി. പാവം വൃദ്ധൻ്റെ സങ്കടം ആരു കാണാൻ. 
ഏതായാലും ആ വഴി വന്ന ഒരു സ്ത്രീ ഈ കാഴ്ച കണ്ട് ഇപ്പറഞ്ഞ ജീവിയെ തടഞ്ഞു നിർത്തി,  നടന്നതെല്ലാം വിശദീകരിച്ചു കൊടുത്തു. സായിപ്പു കണ്ടുപിടിച്ച ഒരു വാക്കും പറഞ്ഞു തടി തപ്പാൻ കക്ഷി ഒന്നു ശ്രമിച്ചെങ്കിലും അവിടെ കൂടിയ ജനങ്ങൾ വിട്ടില്ല. ഉരുണ്ടു ചിതറിയ തക്കാളികളും മറ്റും കക്ഷിയേക്കൊണ്ട് പെറുക്കിച്ച് കീറിത്തുടങ്ങിയ ബാഗിലാക്കി, വൃദ്ധൻ്റെ കൈയിൽ നിന്നും നാമാവശേഷമായ സാധനങ്ങളുടെ ലിസ്റ്റും ഉണ്ടാക്കി, അവയെല്ലാം വാങ്ങാൻ പറഞ്ഞു വിട്ടു. തിരിച്ചു വരുമോ എന്നുറപ്പില്ലാത്തതിനാൽ ഒരു ഉറപ്പിനായി മേൽപ്പറഞ്ഞ ഫോണും പിടിച്ചു വെച്ചു. ഒരു ഫോണിന് ഇതിലേറെ എന്തു ചെയ്യാൻ കഴിയും ? അല്ലാ, എങ്ങോട്ടാ നമ്മുടെ ഈ പോക്ക് ?

Leave a comment