ഭൂഗോളം തിരിയുമ്പോൾ

ഭൂമി തന്നച്ചുതണ്ടിൽ തിരിയും കാലത്തോളം
സൂര്യ ഗോളം താപമരുളും, വെളിച്ചം തെളിക്കും
ഇരുളിന്നു ചന്ദ്രൻ തൻ കുളിർ വെട്ടം പകർന്നേകും
കാലയവനിക മുറപോൽ തന്നെ നീങ്ങും

കാലങ്ങൾ മാറിമറിഞ്ഞു വരും, എന്നും
വർഷം വരും, പുഴകൾ നിറഞ്ഞു കവിയും
വേനലിൽ ജലത്തിനായ് ജനം നാടുനീളെ പായും
മഞ്ഞു വന്നാൽ പുൽത്തരികൾ മരിക്കും

അഗ്നിഗോളം ഇന്ന് തീ വിതറുമ്പോൾ 
ജീവനുമായ് മർത്യൻ എമ്പാടും ഓടുന്നു
ഹിമശൈലം ഉരുകി ഒഴുകിമാറുമ്പോൾ
ഭൗമ തീരം സമുദ്രം വിഴുങ്ങുന്നു

ഋതുഭേദം, ദോഷം മനുഷ്യന്നു മാത്രമോ 
മൃഗലോകം എന്തു പിഴച്ചിന്ന് 
ആർത്തിപൂണ്ട മർത്യൻ വാഴുന്നേടം
പുല്ലു പോലും മുളക്കില്ലൊരു കാലം

കാലത്തിൻ ഗതി മാറുന്നിതാ എന്നും പോൽ
ബാല്യങ്ങൾ തൻ ദൈർഘ്യം ചുരുങ്ങുന്നു
ദീർഘവീക്ഷണം ഇല്ലാത്തീ ഭൂമിയിൽ
എത്ര കാലം ജീവൻ നിലനിൽക്കും, കാണാം !!

Leave a comment